കുടുംബാരോഗ്യകേന്ദ്രത്തിന്റെ
മതിൽ ഇടിഞ്ഞുവീണു
തൃക്കൂർ: ശക്തമായ മഴയിൽ തൃക്കൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ മതിൽ ഇടിഞ്ഞുവീണു. ഇന്നലെ രാവിലെയാണ് സംഭവം. സമീപത്തെ റോഡിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്.
റോഡിൽ ആളുകൾ ഇല്ലാതിരുന്നത് അപകടം ഒഴിവായി. ഇടിഞ്ഞ ഭാഗത്തിനോട് ചേർന്നുള്ള മതിൽ അപകടാവസ്ഥയിലായി. കാലപഴക്കം ചെന്ന മതിൽ പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദിനംപ്രതി നിരവധി രോഗികളും നാട്ടുകാരും സഞ്ചരിക്കുന്ന റോഡിലേക്ക് മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണതോടെ ഇതുവഴിയിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. തൃക്കൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോൾസൺ തെക്കുംപീടിക, പഞ്ചായത്തംഗം ഷീബ നിഗേഷ് എന്നിവർ സ്ഥലത്തെത്തി. മതിൽ ഇടിഞ്ഞ സംഭവത്തിൽ എത്രയും വേഗം നടപടിയെടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
തെങ്ങ് കടപുഴകി
വീടിനു മുകളിൽ വീണു
വരന്തരപ്പിള്ളി: ശക്തമായ മഴയിൽ കാരികുളം കടവിൽ തെങ്ങ് കടപുഴകി വീടിന് മുകളിൽ വീണു. പൊതുപ്രവർത്തകനായ സുരേഷ് ചെമ്മനാടന്റെ വീടിന് മുകളിലേക്കാണു തെങ്ങ് വീണത്. ടെറസിലേക്ക് തെങ്ങു വീണതോടെ വീടിന് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല. ശനിയാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തെങ്ങുവീണത്. പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു.
ഷട്ടർ ഉയർത്തി
പുന്നംപറമ്പ്: കനത്ത മഴയെത്തുടർന്ന് തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്ക പേരേപ്പാറ ഡാം ഷട്ടർ കൂടുതൽ ഉയർത്തി. മിനി ഡാം നിറഞ്ഞ് കെട്ടിനു മുകളിലൂടെ വെള്ളം ഒഴുകുന്ന സാഹചര്യത്തിലാണു കഴിഞ്ഞദിവസം രാത്രി ഏഴോടെ ഷട്ടർ കൂടുതൽ ഉയർത്തിയത്.പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണിക്കൃഷ്ണൻ, വൈസ്പ്രസിഡന്റ്് ഇ.എൻ. ശശി, വി.ജി. ജയസൂര്യ എന്നിവർ നേതൃത്വം നൽകി.